ഗർഭന്യാസം

ടൊറോൻറ്റോവിലെ ഒരു ചെറിയ കമ്യൂണിറ്റി വലിയ ഒരാഗ്രഹത്തെ ഗർഭന്യാസം ധരിച്ചിട്ട് കാലം കുറെയായി. അത് ഗുരുവായൂരപ്പൻറ്റെ ക്ഷേത്രം പണിയുക എന്ന ആഗ്രഹമാണ്. ആ ആഗ്രഹം സാക്ഷാത്കരിക്കാൻ പോകുന്ന സമയത്ത് പ്രാരംഭക്രിയകളിലൊന്നായ ഗർഭന്യാസത്തെ കുറിച്ച് എഴുതാൻ ശ്രമിക്കുകയാണ്

ഗർഭന്യാസം എന്നു കേൾക്കുമ്പോൾ ജനനകാരണമായ അവസ്ഥയാണല്ലോ ഓർമ്മ വരിക. ഇവിടേയും അതുതന്നെ ആണ് വിവക്ഷ. പരശക്തിയാണ് ഗർഭം ധരിക്കുന്നത്. ക്ഷേത്രമാകുന്ന ദേഹത്തിന് കാരണമായി തീരുന്ന ഗർഭം.

ഇഷ്ടകാസ്ഥാപനം കഴിഞ്ഞ സ്ഥാനത്ത് ഇഷ്ടകകളുടെ മദ്ധ്യത്തിലായി ഒരു ഗർത്തം ഉണ്ടാകും. അവിടെ ചെമ്പുകൊണ്ട് ഉണ്ടാക്കിയ അടപ്പോടുകൂടിയ ഗർഭപാത്രം വെയ്ക്കുന്നതാണ് ഗർഭന്യാസം എന്ന ക്രിയ.

ക്ഷേത്രമായി പരിണമിക്കുന്ന ഗർഭം ലോകത്തിലുളള പലവിധ വസ്തുക്കൾ ഉൾപ്പടുന്നതാണ്. ഇതിനു കാരണം ഭാവിയിൽ പ്രതിഷ്ഠാസമയത്ത് ഉള്ള ചിദ്ബിംബസമ്മേളനം എന്ന സങ്കൽപ്പം ശ്രദ്ധിക്കുമ്പോൾ വ്യക്തമാകുന്നതാണ്. പ്രതിഷ്ഠിച്ച ദേവൻറെ ചൈതന്യം ലോകം മുഴുവൻ നിറയുന്നു എന്നും ആ ലോകം തന്നെ ആണ് ക്ഷേത്രം എന്നാണ് ചിദ്ബിംബസമ്മേളത്തിൻറെ സാരം. ഫലത്തിൽ ലോകം തന്നെ ക്ഷേത്രം. അതിനാലാണ് ക്ഷേത്രം ഉരുത്തിരിയുന്ന ഗർഭത്തിൽ വിവിധ വസ്തുക്കൾ ഉൾപ്പെടുത്താൻ കാരണം.

പർവ്വതം, തീർത്ഥക്കര, നദി, കയം, തുടങ്ങിയ
പലസ്ഥലങ്ങളിലെ മണ്ണുകളാണ് ഗർഭപാത്രത്തിൽ നിറയ്ക്കുന്ന ഒരു കൂട്ടം. താമര, നീലോൽപ്പലം തുടങ്ങിയ ചില ജലസസ്യങ്ങളുടെ കിഴങ്ങുകളാണ് മറ്റൊരു കൂട്ടം. മനയോല അരിതാലം യുടങ്ങിയ ധാതുക്കളും വജ്രം മുത്ത് തുടങ്ങിയ രത്നങ്ങളും നെല്ല് വരിനെല്ല് തുടങ്ങിയ വിത്തുകളും സ്വർണ്ണം വെള്ളി മുതലായ ലോഹങ്ങളും ഗർഭപാത്രത്തിൽ നിറയ്ക്കുന്നുണ്ട്.

ഇങ്ങിനെ വിവിധ വസ്തുക്കൾ നിറയ്ക്കുന്ന ബ്രഹ്മശക്തിയുടെ ഗർഭപാത്രമാണ് ഒമ്പത് ഖണ്ഡങ്ങളുളള ഭൂമി. ഈ ഗർഭപാത്രത്തിൽനിന്ന് ഉണ്ടാകുന്ന വ്യക്തിയാണ് ക്ഷേത്രം എന്ന പുരുഷൻ. ഗർഭപാത്രത്തിൽ ന്യസിക്കുന്ന ബ്രഹ്മവീര്യമാണ് മണ്ണ് മുതലായ വസ്തുക്കൾ.

പ്രസിദ്ധമായ ദ്വാദശാക്ഷരമന്ത്രമായ ഓന്നമോ ഭഗവതേ വാസുദേവായ എന്നതിൻറെ അക്ഷരങ്ങളും, ദിക്പാലന്മാരുടേയും നാരായണൻറെയും മന്ത്രങ്ങളും ഗർഭപാത്രത്തെ ചൈതന്യപ്പെടുത്താൻ ഉപയോഗിക്കുന്നവയാണ്.

പിന്നെ എല്ലാ ബീജങ്ങളുടേയും ധാതുക്കളുടേയും ലോഹങ്ങളുടേയും പർവ്വതങ്ങളുടേയും സമുദ്രങ്ങളുടേയും തീർത്ഥങ്ങളുടേയും നദികളുടേയും കയങ്ങളുടേയും പാതാളത്തിലൂള്ളവരൂടേയും നാഗങ്ങളുടേയൂം ദിഗ്ഗജങ്ങളുടേയും വൃഷഭങ്ങളുടേയും ഗണങ്ങളേയും ഗഡഭപാത്രത്തിൽസാന്നിദ്ധ്യപ്പെടുത്തുന്നു.

ഭൂമിയിലെ ചെറിയവിത്തുകൾ മുതൽ വലിയ പർവ്വതങ്ങൾ വരെയും അഗാധമായമായ സമുദ്രം മുതൽ നദികളും കയങ്ങളും വരേയും സാന്നിദ്ധ്യപ്പെടുത്തുന്നത് ഇതെല്ലാം ഞാനാണെന്ന സവികൽപ്പസമാധിസ്ഥിതിയുള്ള ഈശ്വരനായിമാറാൻ പോകുന്ന വ്യക്തിയായ ക്ഷേത്രമാണ് ഗർഭപാത്രത്തിൽനിന്നുണ്ടാകാൻ പോകുന്നത് എന്നതുകൊണ്ടാണ്.

അതായത് ബ്രഹ്മശക്തിയയ്ക്ക് ഭൂമിയാകുന്ന ഗർഭപാത്രത്തിൽനിന്നുണ്ടാകാൻ പോകുന്ന ബ്രഹ്മാണ്ഡത്തിൻറെ തനിപകർപ്പായ പിണ്ഡാണ്ഡമാണ് ക്ഷേത്രം എന്ന് അർത്ഥം.

ഭാവിയിൽ കണക്കുകൾകൊണ്ടും ശബ്ങ്ങൾകൊണ്ടും സങ്കൽപ്പങ്ങൾ കൊണ്ടും ഉരുത്തിരിയുന്ന വ്യക്തിയായ ക്ഷേത്രത്തിന് ഒരു ജന്മനാ ഉണ്ടാകുന്ന സംസ്കാരം പോലെ ഉന്നതമായിരിക്കുന്ന സങ്കൽപ്പം അതായത് ഈ ലോകത്ത് ഓരോ അണുവിനും ഞാനുമായി അഭേദ്യമായ ബന്ധം ഉണ്ടെന്നെന്ന സങ്കൽപ്പം ഉണ്ടാകണം. എന്നാലേ നിഗ്രഹാനുഗ്രഹശക്തി ഉണ്ടാകുകയുള്ളൂ. വെറുതെ റോട്ടിൽ പോകുന്ന ഒരാളെ രക്ഷിക്കാനോ ശിക്ഷിക്കാനോ കഴിയില്ല. ചുരുങ്ങിയ പക്ഷം മനുഷ്യനാണ് അല്ലെങ്കിൽ ഒരു ജീവിയാണ് എന്നോ തോന്നലിനാലുള്ള ബന്ധമെങ്കിലും ഉണ്ടായാലേ സാധിക്കൂ.

ഗർഭീയന്തീം ജഗന്മണ്ഡലമനുദ്ധ്യായ ശക്തിം എന്ന തന്ത്രസമുച്ചയപ്രസ്താവനപ്രകാരം ലോകത്തെ മുഴുവൻ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന പരമശക്തിയുടെ സന്താനത്തിന് ഇതെല്ലാം ഞാനാണെന്ന ഉന്നതാവസ്ഥയുടെ ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുളൂ.

ഓരോ മനുഷ്യനും സമൂഹവും ഈ ലോകത്തിലെ ചരാചരങ്ങൾ ഞാനുമായി അഭേദ്യമായ ബന്ധം ഉളളവയാണ് എന്ന ഉന്നതമായ ഭാവം നിലനിർത്തുകയാണെങ്കിൽ അതിലധികം നല്ല ഒരു സംസ്കാരം വേറെ ഉണ്ടാകാനില്ല. ആ ഉന്നതിയിലേയ്ക്ക് ജനങ്ങളെ നയിക്കാൻ ക്ഷേത്രത്തിന് കഴിയും.

Share This